സിദ്ധുവടക്കം അഞ്ച് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് സോണിയാ ഗാന്ധി; നേരത്തെ തന്നെ രാജി സമര്‍പ്പിച്ച് ഗോവ അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ അദ്ധ്യക്ഷന്‍ ഗിരീഷ് ചോഡോങ്കര്‍ നേരത്തെ തന്നെ രാജി സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ നടപടി. ഒരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വിജയിക്കാനായിരിന്നില്ല. കയ്യിലുണ്ടായിരുന്ന പഞ്ചാബ് ആംആദ്മി പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.

സിദ്ധുവടക്കം അഞ്ച് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍മാരോട് രാജിവെക്കാനാവശ്യപ്പെട്ട് സോണിയാ ഗാന്ധി; നേരത്തെ തന്നെ രാജി സമര്‍പ്പിച്ച് ഗോവ അദ്ധ്യക്ഷന്‍സോണിയാ ഗാന്ധി അദ്ധ്യക്ഷന്‍മാരോട് രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സോണിയാ ഗാന്ധിയോട് ആവശ്യമുയര്‍ന്നിരുന്നു.

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോവ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഗിരീഷ് ചോഡോങ്കര്‍ രാജിവെച്ചു. എഐസിസി നേതൃത്വത്തിന് ചോഡോങ്കര്‍ തന്റെ രാജിക്കത്ത് അയച്ചെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി നേതാവ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 11 സീറ്റും ഘടകകക്ഷിയായ ജിപിഎഫിന് ഒരു സീറ്റുമാണ് നേടാനായത്. 20 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയായിരുന്നു.

മാര്‍ച്ച് 10ന് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവെക്കുമെന്ന് ചോഡോങ്കര്‍ പറഞ്ഞിരുന്നു. ചോഡോങ്കറിന്റെ രാജി കേന്ദ്ര നേതൃത്വം അംഗീകരിച്ചെന്നും പുതിയ അദ്ധ്യക്ഷനെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

തന്ത്രങ്ങള്‍ പിഴച്ചത് കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഘടനയില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്താനായി നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ”തെരഞ്ഞെടുപ്പ് ഫലം വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകളുടെ ദുര്‍ഭരണം തുറന്ന് കാണിക്കുന്നതില്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണ വിരുദ്ധ വികാരമുണ്ടായി. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരും. പാര്‍ട്ടിയില്‍ സമഗ്രമായ പൊളിച്ചെഴുത്തിന് സോണിയയെ ചുമതലപ്പെടുത്തി. അടിയന്തരമായി സ്വീകരിക്കേണ്ട തെറ്റുതിരുത്തല്‍ നടപടികള്‍ സോണിയ സ്വീകരിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും.”-നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button