രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന; ‘ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട’

15 - June - 2022

ന്യൂഡൽഹി ∙ നാഷനല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തേക്കുമെന്ന് സൂചന. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാൽ രാഹുലിനെ വേട്ടയാടുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുലിനെ ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. എത്ര അടിച്ചമർത്താൻ നോക്കിയാലും മുന്നോട്ടു പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് രാഹുൽ ഇഡിക്കു മുന്നിൽ ഹാജരായി.

രണ്ടാം ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എല്ലാ ചോദ്യങ്ങള്‍ക്കും രാഹുലിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്നും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇഡി വ്യത്തങ്ങള്‍ പറഞ്ഞു. ഇഡിയിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇന്നലെ രാത്രി വരെ 11 മണിക്കൂറോളം നീണ്ട നടപടികള്‍. ചോദ്യം ചെയ്യലിനു ശേഷം രാത്രി രാഹുല്‍ ഗാന്ധി സഹോദരി പ്രിയങ്കയ്‌ക്കൊപ്പം ശ്രീ ഗംഗാറാം ആശുപത്രിയിലെത്തി മാതാവ് സോണിയ ഗാന്ധിയെ കണ്ടു. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സോണിയ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ 11.30നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഉച്ച ഭക്ഷണത്തിനായി ഒരു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച നടപടികള്‍ രാവേറെ നീണ്ടു. ദീര്‍ഘനേരമെടുത്ത്, ഏറെ ആലോചിച്ചാണ് ഓരോ ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നതെന്നാണ് വിവരം. ചില മറുപടികള്‍ മാറ്റിപ്പറയുകയോ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്നു. താന്‍ ഡയറക്ടറായ ‘യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി’ കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിള്‍ ആക്ട്) അനുസരിച്ച് രൂപം നല്‍കിയതാണെന്നും ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കേണ്ടതില്ലെന്നുമാണ് രാഹുല്‍ ഉത്തരം നല്‍കിയത്. എന്നാൽ ഈ ഉത്തരം അന്വേഷണ ഉദ്യോഗസ്ഥൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കി ഖണ്ഡിക്കുകയും ചെയ്തു. 

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും 23ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇഡി ഓഫിസിന് ഏർപ്പെടുത്തിയിട്ടുള്ളത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള രാഹുലിന്റെ 2 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഇഡി ഓഫിസ് പ്രവർത്തിക്കുന്ന പരിവർത്തൻ ഭവനിലേക്ക് പ്രവേശനം നൽകിയത്. ചോദ്യം ചെയ്യുന്ന മുറിയിലേക്ക് രാഹുൽ കടന്നപ്പോൾ ഇവർ പുറത്തുനിന്നു. തന്റെ‌ മൊഴികൾ രേഖാമൂലം നൽകണമെന്നും അതിൽ ഒപ്പിട്ടുനൽകാമെന്നും രാഹുൽ പറഞ്ഞു. ഉദ്യോഗസ്ഥർ അതിനു സമ്മതിച്ചതായാണു വിവരം. 

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok