ബിജെപി നേതാക്കൾ സിപിഎമ്മിനെ പിന്തുണച്ചോ? കാസർകോട്ട് അണികളുടെ പ്രതിഷേധം

കാസർകോട് ∙ ജില്ലയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടോ? ഉണ്ടെന്ന് ബിജെപിയിലെ ഒരു വിഭാഗം പ്രവർത്തകർ. വ്യക്തിവിരോധം തീർക്കാൻ അണികളെ വൈകാരികമായി ഇളക്കി വിടുകയാണെന്ന് മറു വിഭാഗവും. ജില്ലാ കമ്മിറ്റി ഒാഫിസ് താഴിട്ടു പൂട്ടിയതടക്കം വിവാദങ്ങൾ സൃഷ്ടിച്ച ഉൾപ്പാർട്ടി തർക്കം കാസർകോട് ബിജെപിയിൽ വീണ്ടും രൂക്ഷമാവുകയാണ്.

സിപിഎമ്മുമായി ധാരണ ഉണ്ടാക്കിയ 3 ജില്ലാ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഇന്നു രാവിലെ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ ഉപരോധ സമരം തുടങ്ങിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി ബിജെപി ധാരണ ഉണ്ടാക്കിയെന്നും ഇതു ചില ജില്ലാ നേതാക്കളുടെ അറിവോടെയാണെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളായ കെ.ശ്രീകാന്ത്, പി.സുരേഷ്കുമാർ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റേ എന്നിവർക്കെതിരെയാണ് ഇവർ നടപടി ആവശ്യപ്പെടുന്നത്.

ആരോപണത്തെപ്പറ്റി സംസ്ഥാന നേതാക്കൾ നാളെ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് പ്രതിഷേധം. ഇതേ ആവശ്യമുന്നയിച്ച് മാസങ്ങൾക്കു മുൻപ് ചില പ്രവർത്തകർ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ടു പൂട്ടി പ്രതിഷേധിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ മാസം 30 നകം പ്രശ്നം പരിഹരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉറപ്പു നൽകിയിരുന്നുവെന്നും ഇതു പാലിച്ചില്ലെന്നുമാരോപിച്ചാണ് ഇപ്പോൾ പാർട്ടി ഓഫിസിനു മുന്നിൽ സമരവുമായി അണികളെത്തിയത്.

നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏതാനും പ്രവർത്തകർ രംഗത്തെത്തിയതിനെ തുടർന്ന് കുമ്പളയിലെ സഹകരണം സിപിഎമ്മും ബിജെപിയും അവസാനിപ്പിച്ചെങ്കിലും നേതാക്കൾക്കെതിരായ നീക്കം അവസാനിപ്പിക്കാൻ പ്രവർത്തകർ തയാറായില്ല. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാന അധ്യക്ഷൻ ഉറപ്പു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

ജില്ലയിലെ ബിജെപിക്കകത്തെ പ്രശ്നങ്ങൾ പഠിക്കാൻ ജില്ലാ സഹപ്രഭാരി അശോകൻ കുളനടയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ സമിതി, റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്കു കൈമാറിയിട്ടുണ്ട്.

ജില്ലയിലെ പ്രശ്നങ്ങൾ ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന നേതൃ യോഗത്തിലും ചർച്ചയായെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. വിഷയത്തിൽ യാതൊരു പ്രതികരണവും പാടില്ലെന്നും ജില്ലയിലെ നേതാക്കൾക്ക് നിർദേശമുണ്ട്. യുഡിഎഫ് ഭരിക്കുന്ന കുമ്പള പഞ്ചായത്തിൽ സിപിഎം അംഗം എസ്.കൊഗ്ഗുവിനെ സ്ഥിരം സമിതി അധ്യക്ഷൻനാക്കാൻ ബിജെപിയും സിപിഎമ്മും കൈകോർത്തു എന്നാണ് ആരോപണം. സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ സിപിഎം–ബിജെപി ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇവിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൊഗ്ഗുവിനെ പിന്തുണച്ചു എന്നതാണ് പ്രതിഷേധത്തിനു കാരണം.

എന്നാൽ, ഈ ആരോപണം പൂർണമായും തള്ളുകയാണ് ആരോപണ വിധേയരായ നേതാക്കളെ അനുകൂലിക്കുന്നവർ. സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്നും സിപിഎമ്മിനു ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ അവരുടെ അംഗങ്ങൾ സ്വാഭാവികമായി അധ്യക്ഷ സ്ഥാനത്തെത്തിയതാണെന്നുമാണ് നേതാക്കളുടെ വിശദീകരണം. ജില്ലയിലെ ഒരു നേതാവ് ചില നേതാക്കൾക്കെതിരെ മനപ്പൂർവം സൃഷ്ടിക്കുന്ന ആരോപണങ്ങളാണ് ഇവയെന്നും അധികാരത്തിലേക്കു വരാനുള്ള ശ്രമമാണന്നും മറുവിഭാഗം ആരോപിക്കുന്നു. ചില വ്യക്തികളുടെ മുതലെടുപ്പിന് വാസ്തവവിരുദ്ധമായ ആരോപണങ്ങളുന്നയിക്കുകയാണെന്നും ഇവർ പറയുന്നു.

ബിജെപി പ്രവർത്തകനായിരുന്ന കോയിപ്പാടി കെ.വിനുവിനെ 1998ൽ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ആളാണു സിപിഎമ്മിൽനിന്ന് സ്ഥിരം സമിതി അധ്യക്ഷനായ കൊഗ്ഗു. ഏതാനും മാസം മുൻപ് ബിജെപി പ്രവർത്തകനായ അണങ്കൂർ സ്വദേശി ജ്യോതിഷ് ജീവനൊടുക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയെന്ന കേസിലും കൊഗ്ഗു പ്രതി ചേർക്കപ്പെട്ടിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയയ്ക്കുകയായിരുന്നു. ജ്യോതിഷിന്റെ മരണത്തിനു കാരണക്കാർ കൊഗ്ഗുവിനെ പിന്തുണയ്ക്കുന്ന നേതാക്കളാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ജസ്റ്റിസ് ഫോർ ജ്യോതിഷ് എന്ന വാട്സാപ് കൂട്ടായ്മ രൂപീകരിച്ചാണ് സംസ്ഥാന നേതാക്കൾക്കെതിരെ ഇവരുടെ പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button