തവനൂരിലും കുറ്റിപ്പുറത്തും കനത്ത പ്രതിഷേധം; നാടമുറിക്കുന്ന മുഖ്യന് തെറിവിളി ആറാട്ട്

മുഖ്യമന്ത്രിയുടെ സുരക്ഷ സാധാരണക്കാരുടെ വഴിമുട്ടിക്കുമ്പോള്‍ പ്രതിഷേധം കനക്കുകയാണ്. തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയ മുഖ്യനെ അസഭ്യം വിളിച്ചും കരിങ്കൊടി കാട്ടിയുമാണ് വേദിക്കുപുറത്തു നിന്നവര്‍ വരവേറ്റത്. ഒരു കോമഡി പറയാറില്ലെ, ഇവിടെ കല്യാണം അവിടെ പാലുകാച്ചല്‍ എന്നൊക്കെ.. അതു തന്നെയാണ് ഇപ്പോള്‍ മലപ്പുറത്തും കാണുന്നത്.

മുഖ്യന്‍ നാടമുറിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വേദിയ്ക്ക് പുറത്ത് ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. അതിനിടെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയും, ജലപീരങ്കി പ്രയോഗിച്ചും പ്രതിരോധം തീര്‍ത്തു. കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് പ്രതിഷേധക്കാര്‍ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. ഇത് പോലീസിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ഇന്നലെയും ഇന്നുമായി സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് പോലീസ് നടപടികള്‍ അരങ്ങേറുന്നത്. വഴിയേ പോകുന്നവര്‍ക്ക്‌പോലും കറുത്ത ഷര്‍ട്ട് ഇട്ട് നടക്കാനോ, കറുത്ത നിറമുള്ള മാസ്‌ക് ഉപയോഗിക്കാനോ ഇന്നലെ അനുവദിച്ചിരുന്നില്ല. ഇന്നും അതുതന്നെയാണ് അവസ്ഥ. അതായത്, സുരക്ഷ ഒരുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തരുത്, കറുത്ത മാസ്‌ക് ധരിച്ച് എത്തരുത് എന്നൊക്കെയാണ് നിര്‍ദേശങ്ങള്‍.. മാത്രമല്ല പുതിയ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്‌കും നല്‍കിയിട്ടുണ്ട്.

എന്നാല്‍ മാസ്‌ക് മാറ്റുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ആരെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് മാസ്‌ക് ധരിക്കുന്നതിലെ നിര്‍ദേശത്തിന് കാരണം എന്നും സൂചനകളുണ്ട്.

ഇതിനെല്ലാം പുറമെ തവനൂരിലെ പരിപാടിക്ക് മുന്നോടിയായി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പൊന്നാനി കുറ്റിപ്പുറം ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല കുറ്റിപ്പുറത്ത് ഇന്ന് രാവിലെ തുറന്ന ഹോട്ടലുകള്‍ പോലീസ് നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ktdc ഹോട്ടലില്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാന്‍ എത്തുമെന്നതിനാലാണ് അടുത്തുള്ള ഹോട്ടലുകള്‍ അടപ്പിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.

whatsapp button Telegram

അതിനിടെ, മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡും അടച്ചിരുന്നു. കീടാത കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇടവഴിയില്‍ മറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തുനീക്കിയെന്നാണ് വിവരം.

എന്തായാലും അസാധാരണമായ നിര്‍ദേശങ്ങളും സുരക്ഷയും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കോട്ടയത്തിന് പിന്നാലെ മലപ്പുറവും വലിയ സംഘര്‍ഷകളമായി മാറിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button