അഗ്‌നിവീരര്‍ക്ക് ബി.ജെ.പി. നേതാക്കളുടെ ജോലി വാഗ്ദാനം വിവാദത്തില്‍

20 - June - 2022

ന്യൂഡല്‍ഹി: അഗ്‌നിവീരരെ ഇകഴ്ത്തുംവിധം പ്രസ്താവന നടത്തിയ രണ്ട് ബി.ജെ.പി. നേതാക്കള്‍ക്കെതിരേ വ്യാപക വിമര്‍ശനം. കരാര്‍കാലയളവ് കഴിഞ്ഞാല്‍ അഗ്‌നിവീരര്‍ക്ക് പാര്‍ട്ടി ഓഫീസില്‍ സെക്യൂരിറ്റിജോലി നല്‍കുമെന്ന് പറഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും വിരമിക്കുന്നവരെ ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, അലക്കുകാരന്‍, ബാര്‍ബര്‍ ജോലികള്‍ പരിശീലിപ്പിക്കുമെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമാണ് പ്രതിരോധത്തിലായത്. പ്രസ്താവനകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

”അഗ്‌നിവീരന്മാര്‍ നാലുവര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപ ലഭിക്കും. അഗ്‌നിവീര്‍ ബാഡ്ജും കിട്ടും. ബി.ജെ.പി. ഓഫീസിലേക്ക് സെക്യൂരിറ്റിയായി ആളെ ആവശ്യമുണ്ടെങ്കില്‍ അഗ്‌നിവീരര്‍ക്കാകും ഞാന്‍ മുന്‍ഗണന നല്‍കുക -എന്നായിരുന്നു കൈലാഷ് വിജയവര്‍ഗിയ പറഞ്ഞത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്.

അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാസംശയവും കൈലാഷ് വിജയവര്‍ഗിയ വ്യക്തമാക്കിയെന്ന് കോണ്‍ഗ്രസ് ഔദ്യോഗികപേജില്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ യുവാക്കളെയും സൈനികരെയും അപമാനിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സേവിക്കാനായാണ് യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നതെന്നും അല്ലാതെ ബി.ജെ.പി. ഓഫീസില്‍ കാവല്‍ക്കാരാകാനല്ലെന്നും കെജ്രിവാള്‍ പറഞ്ഞു. സൈനികരെ വിലകുറച്ചുകാണുന്ന പ്രസ്താവനയാണിതെന്ന് ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. സൈനികരോട് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നതെന്നത് ദുഃഖകരമാണെന്ന് മജ്ലിസ് പാര്‍ട്ടി നേതാവ് അസസുദ്ദീന്‍ ഒവൈസി പറഞ്ഞു.

വിരമിക്കുന്ന അഗ്‌നിവീരര്‍ക്ക് ഡ്രൈവര്‍മാരുടെയും ഇലക്ട്രീഷ്യന്മാരുടെയും അലക്കുകാരുടെയും ബാര്‍ബര്‍മാരുടെയും കഴിവുകള്‍ പരിശീലിപ്പിക്കുമെന്നായിരുന്നു കിഷന്‍ റെഡ്ഡി പറഞ്ഞത്. നാലുവര്‍ഷത്തിനുശേഷം വിരമിക്കുമ്പോള്‍ ആ ജോലികളില്‍ അഗ്‌നിവീരന്മാര്‍ക്ക് സഹായിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിദഗ്ധ തൊഴില്‍പരിശീലനകേന്ദ്രമെന്ന നിലയിലേക്ക് പ്രതിരോധസേനയെ മാറ്റുകയാണ് ബി.ജെ.പി.യെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതിനെതിരേ രംഗത്തെത്തി.

Leave a Reply

Your email address will not be published.

Back to top button
Welcome To Nerrekha News Portal Would you like to receive notifications on latest news updates? No Ok